തൊഴില്‍ ദിനത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം; പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തിന്റെ ആദരം


പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവുംകൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ തൊഴിലാളികളെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നുലക്ഷത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് പേരാമ്പ്ര പഞ്ചായത്ത് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ പത്താം സ്ഥാനവും കരസ്ഥമാക്കിയത്.

ആദരസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഉപഹാരം ഷീജ ശശിയില്‍ നിന്നും തൊഴിലുറപ്പ് വിഭാഗം ജീവനക്കാര്‍ ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തു മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷ്‌റഫ്, വ്യാപാരി പ്രതിനിധികളായ ഒ.പി. മുഹമ്മദ്, ബി.എം മുഹമ്മദ്, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ ടി.പി കുഞ്ഞനന്തന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഒ.എം രാധാകൃഷ്ണന്‍, കെ.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ബ്ലോക്ക്, ഗ്രാമ പഞ്ചായത്തു മെമ്പര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.എം റീന സ്വാഗതവും വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ പ്രിയേഷ് നന്ദിയും പറഞ്ഞു.