അബദ്ധത്തിൽ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയവരും കയറാനാകാതെ കുടുങ്ങി; കായണ്ണയിൽ വീട്ടമ്മയ്ക്കും യുവാക്കൾക്കും രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന


പേരാമ്പ്ര: കായണ്ണയിൽ വീട്ടമ്മയേയും രക്ഷാപ്രവര്‍ത്തനത്തിന് കിണറിലിറങ്ങിയവരെയും പേരാമ്പ്ര അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. ചാലില്‍മുക്ക് മാവുള്ളപറമ്പില്‍ കാര്‍ത്ത്യായനി, രക്ഷിക്കാനായി കിണറ്റിലിറങ്ങിയ ചാലില്‍ ഷാജി, സനല്‍ എരമറ്റം, ചാലില്‍ നിബാഷ്, വാവോട്ടുംചാല്‍ വിജീഷ്, ചാലില്‍ അരുണ്‍ വൈശാഖ് എന്നിവരെയാണ് പേരാമ്പ്ര അഗ്നിരക്ഷാസേന കിണറിൽ നിന്ന് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

വീട്ടുമുറ്റത്തെ നാല്പതടി താഴ്ച്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ കാര്‍ത്ത്യായനി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികൾ ഉടനെ കിണറിലിറങ്ങി ഇവരെ താങ്ങി നിർത്തിയെങ്കിലും കിണറിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍റെ നേതൃത്ത്വത്തിലുള്ള സേനാം​ഗങ്ങൾ സ്ഥലത്തെത്തി മുഴുവൻ പേരെയും കിണറിൽ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. കാർത്യായനിയെ അ​ഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസ്സര്‍ മാരായ കെ.എന്‍ രതീഷ്, കെ റിതിന്‍, പി.ആര്‍ സോജു, എസ്.ആര്‍ സാരംഗ്, ജിഷാദ്, വി.കെ ഷൈജു, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് കെ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: Perambra fire force rescued housewife and youth in Kayanna