വേനലവധിക്ക് കുട്ടികൾ വീട്ടിലിരുന്ന് വായിച്ച് വളരട്ടെ; പുസ്തകവണ്ടിയുമായി പേരാമ്പ്ര ചിരുതകുന്ന് തരംഗം ക്ലബ്ബിന്റെ വീടുകളിലേക്ക്


പേരാമ്പ്ര: പേരാമ്പ്ര ചിരുതകുന്ന് പ്രദേശത്തെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വേനലവധിക്ക് കുട്ടികൾക്കായി പുസ്തകങ്ങളുമായി പുസ്തകവണ്ടി യാത്ര ആരംഭിച്ചു. സാധാരണ വേനൽ അവധിയേക്കാൾ ചൂട് കൂടിയ ഒരു വേനലവധിയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ നല്ല ചൂടുള്ള സമയങ്ങളിൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് മനസിലാക്കിയ ക്ലബ്ബ്‌ മെമ്പർമാർ, കുട്ടികൾക്ക് വീട്ടിലിരുന്ന് വായിക്കാൻ രസകരമായ പുസ്തകങ്ങൾ ഒരുക്കുകയായിരുന്നു.

പുസ്തകങ്ങൾ ക്ലബ്ബ്‌ മെമ്പർമാർ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുക. ക്ലബ്ബിന്റെ പുസ്തകവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

തരംഗം ക്ലബ്ബ്‌ സ്ഥാപക സെക്രട്ടറി സായന്ത് കോരൻസ് പുസ്തകവണ്ടി ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് പ്രജീഷ് കുമാർ ചിരുതകുന്നുമ്മൽ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ മുൻ ട്രഷറർ ഭഗത്ത്‌ രാജ് കോരൻസ്, മറ്റ് തരംഗം ക്ലബ്ബ്‌ മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

മുൻപും വ്യത്യസ്തമായ നിരവധി പരിപാടികൾ നടത്തി തരംഗം ക്ലബ്ബ്‌ ജനശ്രദ്ധ നേടിയിരുന്നു. എല്ലാ വർഷവും പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ക്ലബ്ബ്‌ പഠനോപകരണം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി സൗജന്യ ടൂർ, കൊറോണകാലത്ത് 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ്, ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ്, കണ്ണ് പരിശോധന ക്യാമ്പ് ഇങ്ങനെ നിരവധി മാതൃകാപരമായ പരിപാടികൾ ക്ലബ്ബ്‌ നേരത്തെ സംഘടിപ്പിച്ചിട്ടുണ്ട്.