അതൊരു തിരിച്ചുപോക്കായിരുന്നു, 1991-92 ലെ പ്രീഡിഗ്രി കാലത്തിന്റെ മധുരസ്മരണകള്‍ പൊടിതട്ടിയെടുത്തുകൊണ്ട്: പൊന്‍പറ ഹില്‍സില്‍ ഒത്തുകൂടി പേരാമ്പ്ര ചിന്മയ ആര്‍ട്‌സ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികള്‍


പേരാമ്പ്ര: മനസ്സില്‍ നിറയെ കലാലയ ജീവിതത്തിന്റെ മധുരസ്മരണകളുമായി അവര്‍ ഒത്തുകൂടി. ചിലരൊക്കെ പഴയ സഹപാഠികളെ തിരിച്ചറിയാന്‍ വിഷമിച്ചു. തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത കൗതുകവും സംതൃപ്തിയും. പേരാമ്പ്ര ചിന്മയ ആര്‍ട്‌സ് കോളേജിലെ 1991- 92 പ്രീഡിഗ്രി ബാച്ച് വിദ്യാര്‍ഥികളാണ് പൊന്‍പറ ഹില്‍സില്‍ ഒത്തുകൂടിയത്.

മങ്ങിയ ചിത്രങ്ങളായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ച ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടിതട്ടിയെടുത്തു. കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും അറിവ് നുകര്‍ന്ന് നടന്ന ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെച്ചു.

കൂട്ടായ്മ ചിന്മയ കോളേജ് പൂര്‍വ അധ്യാപകന്‍ അഡ്വ. രാജീവന്‍ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ എസ്. കുറ്റ്യാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേഷ് വയലോരം, മഞ്ജു, സതീഷ് കായണ്ണ, അസീസ് തെരുവത്ത്, രാധാകൃഷ്ണന്‍, അസീസ് മൂലാട് എന്നിവര്‍ സംസാരിച്ചു. ഗിരീഷ് അത്തുനി സ്വാഗതവും നിഷ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അമ്പതോളം സഹപാഠികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒരിക്കലും മടുപ്പിക്കാത്ത ഓര്‍മ്മകളുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്ടവസന്തത്തിന്റെ നൊമ്പരങ്ങളും കോറിയിട്ട്, വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ പൊന്‍പറ ഹില്‍സിന്റെ പടികളിറങ്ങി.