നിർമ്മിക്കുന്നത് ഡി.ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡ്, പൂർത്തിയായത് അറുപത് ശതമാനം ജോലികൾ; പേരാമ്പ്രയുടെ കുരുക്കഴിക്കുന്ന ബൈപ്പാസെന്ന ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് (വീഡിയോ കാണാം)


പേരാമ്പ്ര: നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിലാണ് ബൈപ്പാസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്ദേശിച്ച സമയത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ കക്കാട് നിന്ന് തുടങ്ങി പേരാമ്പ്ര എല്‍.ഐ.സിക്ക് സമീപം എത്തുന്ന 2.78 കിലോമീറ്റര്‍ ബൈപ്പാസാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 12 മീറ്ററാണ് പാതയുടെ വീതി. ഏഴ് മീറ്ററിലാണ് ടാറിങ് ഉണ്ടാവുക. ബാക്കിഭാഗം കാല്‍നടയാത്രാ സൗകര്യം ഒരുക്കുന്നതിനും ഓവുചാൽ സംവിധാനത്തിനും വേണ്ടിയുള്ളതാണ്.

മേഞ്ഞാണ്യം, എരവട്ടൂര്‍ വില്ലേജുകളിലെ 3.7534 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ് പേരാമ്പ്ര ബൈപ്പാസിനായി ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് നിർമ്മാണത്തിനുമായി 47.65 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത്.

പേരാമ്പ്ര ബൈപ്പാസിനായി 12 വര്‍ഷം മുന്നേ ശ്രമം തുടങ്ങിയിരുന്നു. അടങ്കല്‍ തയ്യാറാക്കി ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി വൈകി. തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാണ് പിന്നീട് വീണ്ടും നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. ബജറ്റില്‍ 30 കോടി രൂപ ഇതിനായി വകയിരുത്തി.

ഏറ്റെടുക്കേണ്ട സ്ഥലത്തില്‍ 3.68 ഹെക്ടര്‍ നിലമാണ്. ഇതുപയോഗിക്കാനുള്ള അനുമതിക്കായി തണ്ണീര്‍ത്തട പരിശോധന നടക്കാനുണ്ടായിരുന്നു. വിദഗ്ധ സംഘത്തിന്റെ സ്ഥലപരിശോധനയ്ക്കും കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങാനും ഒന്നര വര്‍ഷത്തോളം കാലതാമസമുണ്ടായി. 2016 ഡിസംബറിലാണ് ഇതിനുള്ള അനുമതി ലഭിച്ചത്. പിന്നീടാണ് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

നിലവിൽ ഓവുചാല്‍, ഓവുപാലം എന്നിവയുള്‍പ്പെടെ ബൈപ്പാസ് റോഡിന്റെ 60 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. മഴ കഴിയുന്നതതോടെ ടാറിംഗ് പ്രവൃത്തി ആരംഭിക്കും. അവശേഷിക്കുന്ന സ്ഥലങ്ങളിലെ മണ്ണ് മാറ്റി റോഡുയര്‍ത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രവൃത്തി പൂര്‍ത്തിയാക്കി ഡിസംബര്‍ മാസത്തോടെ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷന് കൈമാറാനാണ് ലക്ഷ്യം. ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ പേരാമ്പ്രയുള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലയുടെ വികസന കുതിപ്പില്‍ ബൈപ്പാസ് പ്രധാന പങ്ക് വഹിക്കും.

വീഡിയോ കാണാം: