പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് മുന്നേ മാറ്റങ്ങള്‍ ആവശ്യം; മെയിന്‍ റോഡില്‍ പ്രവേശിക്കുന്ന രണ്ട് ഭാഗങ്ങളും വീണ്ടും വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവാനൊരുങ്ങിക്കഴിഞ്ഞു. ഏതാണ് പ്രവൃത്തികള്‍ പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയായിക്കഴിഞ്ഞ റോഡിന്റെ പ്രവേശന ഭാഗങ്ങളുടെ വീതി കൂട്ടല്‍ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സംസ്ഥാന പാതയില്‍നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കല്ലോട്, കക്കാട് ഭാഗത്തെ റോഡുകള്‍ ഇപ്പോഴുള്ള വീതി കുറവാണെന്ന അഭിപ്രായത്തെത്തുര്‍ന്നാണ് വീണ്ടും സ്ഥലമെടുത്ത് വീതികൂട്ടാനുള്ള ഒരുക്കത്തിലേക്ക് നീങ്ങുന്നത്.
ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെയുടെ നേതൃത്വത്തില്‍ ഇതിന് ഫണ്ട് ലഭ്യമാക്കാനുള്ള അനുമതിക്കായി കിഫ്ബിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഗതാഗത കുരുക്കും അപകട സാധ്യതയും കണക്കിലെടുത്താണ് വീതി കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. കഴിഞ്ഞ ദിവസം കക്കാട് ഭാഗത്ത് റോഡിന്റെ പ്രവേശന ഭാഗത്ത് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കാനിടയായ സാഹചര്യം വരെ ഉണ്ടായിരുന്നു. കൂടാതെ എല്‍.ഐ.സി ഓഫീസിനോട് ചേര്‍ന്ന ഭാഗത്തും അപകടം ഉണ്ടായിരുന്നു.
ഈ പ്രവൃത്തികൂടി പൂര്‍ത്താകരിച്ച് പുതിയ ബൈപ്പാസ് ഏപ്രിലോടെ നാടിന് സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെയാണ് പുതിയ ബൈപ്പാസ്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നീ റോഡുകള്‍ക്ക് കുറുകെയാണ് പാത കടന്നുപോകുന്നത്.
59.44 കോടിയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ നിര്‍മാണച്ചുമതല കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്. 12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ്. ബി.എം, ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിയാണുള്ളത്. റോഡ് നാർമ്മാണത്തിന്റെ കരാറുകാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ്.