വരും ദിനങ്ങള്‍ കലാകായിക മാമാങ്കത്തിന്റേത്; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ തുടക്കം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ തുടക്കം കുറിക്കും. ഡിസംബര്‍ 6 വരെയാണ് പരിപാടി നടക്കുക. നാലു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന കലാ കായിക മത്സരങ്ങളാണ് കേരളോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നത്.

ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി ചക്കിട്ടപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കായിക മത്സരങ്ങള്‍ നടക്കുക. ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരം ഫുട്ബോള്‍ മത്സരം, അത് ലറ്റിക്സ് എന്നിവയാണ് പ്രധാന കായിക ഇനങ്ങള്‍.

ഇതിനു പുറമെ വോളിബോള്‍ 4ന് ആവള കുട്ടോത്ത് സ്‌കൂള്‍ ഗ്രൗണ്ടിലും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ 5ന് പേരാമ്പ്ര മിനി ബൈപാസിലെ സ്‌പോര്‍ട്സ് സെന്ററിലും നടക്കും. 5ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കൂത്താളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വടംവലി മത്സരവും ചെറുവണ്ണൂരില്‍ കബഡി മത്സരവും നടക്കും. കൂടാതെ അതേ ദിവസം പേരാമ്പ്ര ബി.ആര്‍.സിയില്‍ ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും.

സമാപന ദിവസമായ ഡിസംബര്‍ ആറിനാണ് കലാമേള. പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് കലാ മേള നടക്കുക.

ഇതോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ചെയര്‍മാനും പി. കാദര്‍ ജനറല്‍ കണ്‍വീനറും ശശികുമാര്‍ പേരാമ്പ്ര വര്‍ക്കിംഗ് ചെയര്‍മാനുമായ സംഘാടകസമിതി രൂപികരിച്ചു.