വാശിയേറിയ മത്സരത്തിനൊടുവില്‍ നൊച്ചാടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൂത്താളിക്ക് വിജയം; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിന് തുടക്കം കുറിച്ച് ചെറുവണ്ണൂരില്‍ ട്വന്റി-20 ക്രിക്കറ്റ് മത്സരം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ചെറുവണ്ണൂരില്‍ ക്രിക്കറ്റ് മത്സരം ആരംഭിച്ചു. ചെറുവണ്ണൂര്‍ നിരപ്പം കുന്ന് സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ നൊച്ചാട് പഞ്ചായത്തിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൂത്താളി പഞ്ചായത്ത് വിജയം കൈവരിച്ചു.

ഇന്ന് രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിച്ച മത്സരത്തില്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, നൊച്ചാട്, കുത്താളി പഞ്ചായത്തുകളാണ് പങ്കെടുത്തത്. കളിക്കാരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപ്പാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി, ആവള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജിത കെ എന്നിവര്‍ പരിചയപ്പെട്ടു.

മത്സര പരിപാടിയ്ക്ക് ജി.ഇ.ഒ ശരത്ത് മോഹന്‍, ഇ.ഒ.ഡബ്ലൂ.ഡബ്ലു സജീഷ്, വി.ഇ.ഒമാരായ റഫീഖ്, ഷൈജിത്ത്, ശരത്ത്, ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

ഡിസംബര്‍ 6 വരെയാണ് പരിപാടി നടക്കുക. നാലു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന കലാ കായിക മത്സരങ്ങളാണ് കേരളോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നത്. ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളിലായി ചക്കിട്ടപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മത്സരവും അത് ലറ്റിക്‌സ് മത്സരങ്ങളും നടക്കുക.

ഇതിനു പുറമെ വോളിബോള്‍ 4ന് ആവള കുട്ടോത്ത് സ്‌കൂള്‍ ഗ്രൗണ്ടിലും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ 5ന് പേരാമ്പ്ര മിനി ബൈപാസിലെ സ്പോര്‍ട്‌സ് സെന്ററിലും നടക്കും. 5ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കൂത്താളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വടംവലി മത്സരവും ചെറുവണ്ണൂരില്‍ കബഡി മത്സരവും നടക്കും. കൂടാതെ അതേ ദിവസം പേരാമ്പ്ര ബി.ആര്‍.സിയില്‍ ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും.

സമാപന ദിവസമായ ഡിസംബര്‍ ആറിനാണ് കലാമേള. പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് കലാ മേള നടക്കുക.