പാര്‍പ്പിടത്തിന് 6.6 കോടി, പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ വികസനം, ‘എന്റെ ഊര് എന്റെ അഭിമാനം’ എന്ന പദ്ധതിയിലൂടെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയുടെ സമഗ്ര വികസനം; 15.58 കോടി വരവും 15.35 കോടി രൂപ ചെലവും പ്രതീക്ഷിച്ചുകൊണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
പേരാമ്പ്ര: ഭവന നിര്‍മാണത്തിനായി 6.66 കോടി രൂപ മാറ്റി വെച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. 40,000 രൂപ വീതം ലൈഫ് പദ്ധതിയില്‍ വിഹിതം നല്‍കും. കൂടാതെ ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമായി 85 ലക്ഷം രൂപയും വകയിരുത്തി. 15.58 കോടി രൂപ വരവും 15.35 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അവതരിപ്പിച്ചു.
‘എന്റെ ഊര് എന്റെ അഭിമാനം’ എന്ന പദ്ധതിയിലൂടെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയുടെ സമഗ്ര വികസനം നടപ്പാക്കാന്‍ 17 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. വയോജനങ്ങളുടെ ആരോഗ്യ പരിശോധനയ്ക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് 11 ലക്ഷവും നീക്കിവെച്ചു. പേരാമ്പ്ര വെറ്റിനറി പോളി ക്ലിനിക്കില്‍ വെറ്ററിനറി വാര്‍ഡും എ.ബി.സി. സെന്ററും സ്ഥാപിക്കും.
കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നബാര്‍ഡ്, എന്‍.ജി.ഒ എന്നിവയെ സംയോജിപ്പിച്ച് സമഗ്ര കാര്‍ഷിക വികസന പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. പാടശേഖരങ്ങളില്‍ കനാല്‍ജലം എത്തിക്കുന്നതിനുള്ള നടപടിയെടുക്കും.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ 1.20 കോടിയുടെ വികസനം നടപ്പാക്കും. പുതിയ എക്സ്റേ യന്ത്രം വാങ്ങി 24 മണിക്കൂര്‍ സേവനം ഉറപ്പാക്കും. നേത്രരോഗ ചികിത്സയ്ക്ക് പ്രത്യേക യൂണിറ്റ് ആരംഭിക്കും. ഡയാലിസിസ് സെന്ററില്‍ ലിഫ്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്.
മരക്കാടി തോടിന്റെ നവീകരണത്തിന്റെ തുടര്‍പ്രവൃത്തികള്‍ ഈ വര്‍ഷവും നടത്തും. പേരാമ്പ്ര സാംബവ കോളനി തൊഴില്‍കേന്ദ്രം, എരവട്ടൂര്‍ വനിതാ സെന്റര്‍, കടിയങ്ങാട് ഹാഡ വിപണന കേന്ദ്രം, മുതുകാട് നാലാം ബ്ലോക്ക് സാംസ്‌കാരിക കേന്ദ്രം എന്നിവക്ക് വൈദ്യതി ലഭ്യമാക്കി ഉപയോഗപ്രദമാക്കും. പട്ടികജാതി, പട്ടികവര്‍ഗ കോളനിയില്‍ വാദ്യോപകരണങ്ങള്‍ നല്‍കും.
വിദ്യാര്‍ഥികള്‍ക്ക് പഠനമുറികള്‍ സജ്ജമാക്കും. ഭരണ സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷനായി.