ഫുട്ബോള്‍ വലകുലുക്കി പേരാമ്പ്ര, വടംവലിയിൽ നൊച്ചാട്; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിൽ വാശിയേറിയ പോരാട്ടവുമായി പഞ്ചായത്തുകൾ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി പഞ്ചായത്തുകള്‍. ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങി വിവിധ മത്സരങ്ങളാണ് മൂന്ന് ദിവങ്ങളിലായി നടന്നത്. നാളത്തെ അത്ലറ്റിക് മത്സരങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മത്സരങ്ങൾക്ക് സമാപനമാവും.
യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം. പഞ്ചായത്തിലെ മത്സരങ്ങൾക്ക് ശേഷമാണ് ബ്ലോക്കിൽ താരങ്ങൾ ഏറ്റുമുട്ടിയത്.
ഇന്ന് നടന്ന വടംവലി മത്സരത്തില്‍ മിന്നുന്ന പ്രകടനത്തോടെ നൊച്ചാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കബഡി പുരുഷ വിഭാഗത്തില്‍ പേരാമ്പ്രയും വനിതാ വിഭാഗത്തില്‍ കായണ്ണയും വിജയികളായി. ബാഡ്മിന്റണില്‍ കൂത്താളി ഒന്നാമതെത്തി. നൊച്ചാട് റണ്ണറപ്പുമായി. ഇന്നത്തെ വീറേറിയ ഫുട്ബോള്‍ മത്സരത്തില് റാഷിദ് കല്ലോടിന്റെയും സംഘത്തിന്റെയും വലകുലുക്കുന്ന പ്രകടനത്തില്‍ പേരാമ്പ്ര അത്യുജ്ജ്വല വിജയം സ്വന്തമാക്കി. പേരാമ്പ്ര അത്യുജ്ജ്വല വിജയം സ്വന്തമാക്കി. നിലവില്‍ പേരാമ്പ്രയ്ക്ക് നേരിയ തൂക്കമുണ്ടെങ്കിലും എല്ലാ പഞ്ചായത്തുകളും വിജയപ്രതീക്ഷ കൈവിടാതെ പോരാട്ടത്തിലാണ്.
നാളെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഗ്രൌണ്ടില്‍ നടക്കുന്ന അത്ലറ്റിക് മത്സരങ്ങളോടെ കായിക മത്സരങ്ങള്‍ അവസാനിക്കും. വാശിയേറിയ അവസാന ഘട്ട മത്സരങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഓരോ പഞ്ചായത്തുകളും. ഓഫ് സ്റ്റേജ് ആര്‍ട്സ് മത്സരങ്ങള്‍ നേരത്തേ തന്നെ നടത്തിയിരുന്നു. കേരളോത്സവത്തിന്റെ ഭാഗമായുള്ള കാലാമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും.