‘കേരളം പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്രശ്രമത്തില്‍’; പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമം കായണ്ണയില്‍ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു


കായണ്ണ ബസാര്‍: പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയില്‍ വിപ്ലവകരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കായണ്ണയില്‍ അവര്‍ പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷീരമേഖലയില്‍ കര്‍ഷകരില്‍നിന്ന് അധികമായി ലഭിക്കുന്ന പാലിനെ പൊടിയാക്കി മാറ്റുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. നല്ല പാല്‍ ലഭ്യമാവാന്‍ കര്‍ഷകര്‍ക്ക് മാലിന്യമില്ലാത്ത കാലിത്തീറ്റകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനായി ഏറ്റവും നല്ല കാലിത്തീറ്റകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഇതിനകം 152 ബ്ലോക്കുകളില്‍ ക്ഷീരസംഗമങ്ങള്‍ നടത്തിവരുകയാണെന്നും വ്യത്യസ്ത ഇനങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കി പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇത്തരം ക്ഷീരസംഗമങ്ങളിലൂടെ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സച്ചിന്‍ദേവ് എം.എല്‍.എ. അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.രശ്മി റിപ്പോര്‍ട്ട് അവതരണം നടത്തി. വ്യത്യസ്ത ഇനങ്ങളില്‍ സമ്മാനം നേടിയ ക്ഷീരകര്‍ഷകര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി, വൈസ് പ്രസിഡന്റ് പി.ടി.ഷീബ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.രജിത, കെ.സി.ഗാന, ബിജി സുനില്‍ കുമാര്‍, യൂസഫ് കളരിക്കല്‍, സി.സുജയ് കുമാര്‍, എ.സി.സതി, എന്‍.പി.ഗോപി, രാജന്‍ കോറോത്ത്, റിജുല എന്നിവര്‍ സംസാരിച്ചു.

ക്ഷീരവികസന സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ഡയറിക്വിസ് എന്നിവ നടന്നു. കലാപരിപാടികളും അരങ്ങേറി.മന്ത്രി പങ്കെടുത്ത പരിപാടിയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നു.