പേരാമ്പ്ര സ്വദേശിയായ അധ്യാപികയുടെ ആത്മഹത്യ: ഡയറിയില്‍ പയ്യോളി സ്വദേശിയായ സഹപ്രവര്‍ത്തകന്റെ പേര്, പ്രേരണാകുറ്റത്തിന് അറസ്റ്റില്‍


മലപ്പുറം: വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും പയ്യോളി സ്വദേശിയുമായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാംദാസ് (44) ആണ് അറസ്റ്റിലായത്.

വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബര്‍ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174-ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേങ്ങരയ്ക്കടുത്ത് കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടില്‍ താമസിച്ചിരുന്ന പേരാമ്പ്ര കുനിയില്‍ ഹൗസില്‍ ബേജു ടി എന്ന അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. സെപ്തംബര്‍ 17 നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ കണ്ണമംഗലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

[mnid2]

സാക്ഷിമൊഴികളുടെയും ബേജു ടീച്ചറുടെ ഡയറിക്കുറിപ്പുകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് രാംദാസിനെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.