ജനങ്ങളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരം വേണം, ദേശീയപാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം; സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനം


അഴിയൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിരമായി ദേശിയപാതാ നിർമ്മാണം പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റരീതിയിൽ നിർമ്മിക്കണമെന്നും സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവ്ചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവ് ചാലുകളാണ് പലയിടങ്ങളിലും നിർമ്മിച്ചത്. ഇതൊക്കെ പരിഹരിച്ചു പാതാനിർമ്മാണം ഉടൻ പൂർത്തിയാക്കണം.

ചോമ്പാൽ ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ പുന:രാരംഭിക്കുക, കുരിയാടിയിൽ ഫിഷിംങ്ങ് ഹാർബർ സ്ഥാപിക്കുക, ഓർക്കാട്ടേരി കച്ചേരി മൈതാനത്തിലെ പഞ്ചായത്ത് അനധികൃത കൈയ്യേറ്റം അവസാനിപ്പിക്കുക, മുക്കാളി – നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തൽ ചെയ്ത ട്രെയിനുകൾ പുന:രാരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമേളനം അംഗീകരിച്ചു.

പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ 12 ലോക്കലുകളിൽ നിന്നായി 24 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാസെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് എന്നിവർ ചർച്ചക്ക് മറുപടിനൽകി. ചർച്ചക്കും മറുപടിക്കും ശേഷംറിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.

സമ്മേളനം ടി.പി.ബിനീഷിനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. വൈകീട്ടു നടന്ന റെഡ് വളണ്ടിയർ മാർച്ചിലും പൊതു സമ്മേളനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി.രാമകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

Summary: People’s travel problems should be solved, national highway construction should be completed in time; CPIM Onchiyam Area Conference