ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ആരോഗ്യ മന്ത്രിയെ ഒഴിവാക്കിയതായി ആക്ഷേപം; ആശുപത്രി വികസന സമിതി യോഗം ബഹിഷ്കരിച്ച് ജനപ്രതിനിധികളും എൽഡിഎഫ് അംഗങ്ങളും
വടകര: ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ആരോഗ്യ മന്ത്രിയെ ഒഴിവാക്കിയതായി ആക്ഷേപം. വീണാ ജോർജ്ജിനെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി യോഗത്തിൽ നിന്ന് ജനപ്രതിനിധികളും എൽ ഡി എഫ് അംഗങ്ങളും ഇറങ്ങിപ്പോയി. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല , പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മീത്തലെ കാട്ടിൽ നാണു, അശോകൻ പി.ടി എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ കെ.പി കുഞ്ഞമ്മത്കുട്ടിയുടെ ശ്രമഫലമായി സർക്കാർ ഒരുകോടി നാല്പത്തിഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിന് ക്ഷണിക്കുന്ന വിശിഷട അതിഥികളുടെ ലിസ്റ്റിൽ എന്നാൽ ആരോഗ്യമന്ത്രിയുടെ പേരില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു. ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 2കുടുബാരോഗ്യ കേന്ദ്രങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ടെണ്ടർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള ഘട്ടമായപ്പോൾ എൻ എച്ച് എം സർക്കാറിനെ അറിയിച്ചതനുസരിച്ച് തറക്കല്ലിടൽ ചടങ്ങിന് ആരോഗ്യ വകുപ്പ് മന്ത്രി എത്താമെന്ന് അറിയിക്കുകയും ചെയ്തതാണ്. എൻ എച്ച് എം കോഴിക്കോട് ജില്ലാ മാനേജർ ഈ വിവരം രേഖാമൂലം കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ അറിയിക്കുകയും, മെഡിക്കൽ ഓഫീസർ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകുകയും ചെയ്തു.

പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ഭൂരിപക്ഷ പ്രകാരം മന്ത്രിയെ ക്ഷണിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ എൻ എം വിമല ഉൽഘാടനം ചെയ്തു. മീത്തലെ കാട്ടിൽ നാണു, വിനോദൻ പി.ടി.എന്നിവർ സംസാരിച്ചു.