ജാഗ്രതയോടെ; കല്ലാനോട് ലഹരിക്കെതിരെ നാട്ടുകാര്‍ രംഗത്ത്, പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ തീരുമാനം


കൂരാച്ചുണ്ട്: കല്ലാനോട് മേഖലയില്‍ ലഹരി ഉപയോഗത്തിനും ലഹരി വില്‍പ്പനക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം.

പരിശോധനയുടെ ഭാഗമായി തോണിക്കടവ് ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭൂമിയില്‍ കണ്ടെത്തിയ വാറ്റുപകരണങ്ങള്‍ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കല്ലാനോട് താഴെ അങ്ങാടി കേന്ദ്രീകരിച്ച് മദ്യപാനസംഘം സജീവമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

അടുത്തിടെ കായിക താരങ്ങളെ മദ്യപാനസംഘം കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ്, എക്‌സൈസ് പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിയില്‍ പഞ്ചായത്തംഗം അരുണ്‍ ജോസ് അധ്യക്ഷനായി. കുര്യന്‍ ചെമ്പനാനി, ജോണ്‍സണ്‍ എട്ടിയില്‍, കുഞ്ഞുമോന്‍ കിഴക്കേവീട്ടില്‍, ജോര്‍ജ് തടത്തില്‍, വിനോദ് കലമറ്റം എന്നിവര്‍ സംസാരിച്ചു.