ആര്‍പ്പോ വിളികളുമായി ആക്കൂപ്പറമ്പുകാര്‍ ഒത്തൊരുമിച്ചു; ഇനിയുള്ള ഓണനാളുകള്‍ അമ്പെയ്ത്ത് മത്സരത്തിന്റെ ആരവങ്ങളിലേക്ക്


പേരാമ്പ്ര: ചിങ്ങം പിറന്നതോടെ ഓണത്തിന്റെ ആരവങ്ങളും ആവേശവും ഉയര്‍ന്നു തുടങ്ങി. ആക്കൂപ്പറമ്പുകാര്‍ക്ക് അമ്പെയ്ത്തിന്റെ ഉത്സവ കാലവും. ഒരു നാടൊന്നാകെ എല്ലാ വൈകുന്നേരങ്ങളിവും ഒത്തുചേരുകയാണ്. പ്രയ-ജാതി-മത ഭേദങ്ങളൊന്നുമില്ലാതെ കളിക്കാരും കാഴ്ച്ചക്കാരുമായി എല്ലാവരും ഇവിടെ ഒത്തൊരുമിച്ച് അമ്പെയ്ത്തിനായി എത്തും. അതോടെ ഒത്തൊരുമയുടെ ഓണമേളത്തിന് തുടക്കമാവുകയാണ്. ഓണക്കാല വിനോദമായ അമ്പെയ്ത്ത് മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളമായ മുളകൊണ്ടു നിര്‍മ്മിച്ച വില്ലും തെങ്ങോലകൊണ്ടുണ്ടാക്കുന്ന അമ്പുകളുമാണ്.

ത്രികോണാകൃതിയില്‍ പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന എയ്ത്തുകളത്തില്‍ വീതികുറഞ്ഞ ഭാഗത്ത് വാഴപ്പിണ്ടികൊണ്ട് നിര്‍മിച്ച ചെപ്പുണ്ടാകും. വില്ലുകളും തെങ്ങോലയില്‍നിന്ന് ചെത്തിമിനുക്കിയെടുക്കുന്ന അമ്പുകളുമായി അമ്പെയ്യാനെത്തിയവര്‍ രണ്ടുടീമായി തിരിയും. ഇവര്‍ ഇടകലര്‍ന്നുനിന്നാണ് മത്സരത്തില്‍ പങ്കെടുക്കുക. കളത്തില്‍ ചെപ്പ് വെക്കുന്നതോടെ മത്സരം ആരംഭിക്കുകയായി. ടോസ് നേടുന്ന ടീം ആദ്യം അമ്പെയ്യാന്‍ തുടങ്ങും. റഫറിയും ഇരുടീമുകളിലെയും ഓരോ അംഗവും ചെപ്പിനടുത്ത് നില്‍ക്കും. ചെപ്പില്‍ ഒരാളുടെ അമ്പുകൊള്ളുന്നതോടെ മത്സരം മുറുകുകയായി.

അമ്പുകൊള്ളിച്ച ടീമിലെ അംഗത്തെ ചെപ്പിനടുത്തുള്ള അവരുടെ പ്രതിനിധി ‘ഓടിവാ, ഓടിവാ’ എന്ന് ആര്‍പ്പുവിളിച്ച് പ്രോത്സാഹിപ്പിക്കും. ഓടിവന്ന് ചെപ്പ് എടുത്തുയര്‍ത്താനാണിത്. അമ്പുകൊള്ളിച്ച ആള്‍ ഓടിയെത്തി ചെപ്പുയര്‍ത്തിയാല്‍ അതുവരെ കളത്തിലുള്ള അമ്പുകള്‍ മുഴുവന്‍ അവരുടെ ടീമിനാവും. ഇതിനിടയില്‍ എതിര്‍ടീമിലുള്ളവര്‍ ചെപ്പില്‍ പുതിയ അമ്പുകൊള്ളിച്ചാല്‍ ഊഴം പിന്നീട് അവരുടേതാകും. അതിനായി അവരുടെ പ്രതിനിധിയും ‘കൊട്, കൊട്’ എന്നുപറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ടാകും. മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമിന്റെയും അമ്പുകളുടെ എണ്ണം കണക്കാക്കിയാണ് വിജയികളെ തീരുമാനിക്കും.

ആവേശകരമായ ഈ മത്സരം കഴിഞ്ഞ അന്‍ത്തഞ്ച് വര്‍ഷക്കാലമായി ആക്കൂപ്പറമ്പുകാര്‍
നെഞ്ചിലേറ്റി വരികയാണ്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി കൊറോണയും പ്രളയവും കാരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഇത്തവണ അത്യധികം ആവേശത്തോടെ വീണ്ടും മത്സരം തുടങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ തന്നെ പരിശീലനം പരിപാടികള്‍ ആരംഭിച്ചു. ജനങ്ങളുടെ ആവേശകരമായ മത്സരത്തിന് പുറമെ ആഗസ്റ്റ് 28 മുതല്‍ സെപ്റ്റമ്പര്‍ 4 വരെ ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണമെന്റും ഇവിടെ നടക്കും.

ആക്കൂപ്പറമ്പിനു പുറമെ എരവട്ടൂര്‍ പാറപ്പുറത്തും സമാനമായ അമ്പെയ്ത്ത് മത്സരം നടത്തി വരുന്നുണ്ട്.


അമ്പെയ്ത്ത് മത്സരത്തിന്റെ വീഡിയോ കാണാം


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


summary: peoples from aarpukkara gathered together for the upcoming onam days, the noise and celebrations of archery competitions