കാട്ടുപന്നികള്‍ക്കും കാട്ടാനായ്ക്കും പുറമെ കാട്ടുപോത്തുകളും; കക്കയം പെരുവണ്ണാമൂഴി പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയില്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പെരുവണ്ണാമൂഴി പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ വിഹാരം നഷ്ടപ്പെടുത്തുന്ന കാട്ടുപന്നി, കാട്ടാനകള്‍ എന്നിവക്കൊപ്പം കാട്ടുപോത്തുകളും. ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നു.

കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ടൗണിന് സമീപം ജനവാസ കേന്ദ്രമായ പഞ്ചവടി, കാഞ്ഞിരത്തിങ്കല്‍ ഭാഗം, കെ.എസ്.ഇ.ബി കോളനി എന്നിവിടങ്ങളിലാണ് സന്ധ്യാസമയമായാല്‍ കാട്ടുപോത്തുകളുടെ താവളമായി മാറുന്നത്. ഈ മേഖലയില്‍ ജീവന്‍ പണയം വച്ചാണ് പലരും യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകനായ ഒരാള്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

പ്രദേശത്തെ നിരവധി തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവരടക്കമുള്ളവരാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം മൂലം ദുരിതത്തിലായത്. ജനങ്ങള്‍ക്ക് സൈ്വര്യമായി യാത്ര ചെയ്യാന്‍ തടസമായി മാറിയ കാട്ടുപോത്തിന്റെ സാന്നിധ്യത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടു.

ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി – ചെമ്പനോട റോഡിലെ വനമേഖലയിലും കാട്ടുപോത്തുകള്‍ സന്ധ്യാസമയങ്ങളില്‍ റോഡിലിറങ്ങുന്നത് പ്രദേശവായികളെ ആശങ്കയിലാക്കുന്നുണ്ട്. കൃഷിയിടങ്ങളിലും വീടിന് മുറ്റത്തു പോലും കാട്ടുപോത്തുകളെത്തി ജീവന് ഭീഷണിയാകുകയും കൃഷി നാശം വരുത്തുന്നതായും കര്‍ഷകര്‍ പറയുന്നു.

summary: peoples are worried about the presence of wild buffalo in the residential areas