പേരാമ്പ്ര ചേര്‍മലകോളനിയില്‍ ജനകീയ അദാലത്ത്; പ്രദേശ വാസികള്‍ നല്‍കിയ അന്‍പത്തൊന്ന് പരാതികളില്‍ തീര്‍പ്പായി


പേരാമ്പ്ര: പേരാമ്പ്ര ചേര്‍മലകോളനി നിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിനെ നേതൃത്വത്തില്‍ ജനകീയ അദാലത്ത് നടത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി കെ. കെ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എം സജു മാസ്റ്റര്‍, അര്‍ജുന്‍ കറ്റയാട്ട് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

അദാലത്തില്‍ ലഭിച്ച 62 അപേക്ഷകളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 18 അപേക്ഷകളും, സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട 14 അപേക്ഷകളും മറ്റു വകുപ്പുമായി ബന്ധപ്പെട്ട 19 അപേക്ഷകളും തീര്‍പ്പാക്കിയതായും മറ്റ് അപേക്ഷകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അദാലത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു.