ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; കമ്പോഡിയയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുറ്റ്യാടി എംഎൽഎയുടെ കത്ത്


കോഴിക്കോട്: മികച്ച ജോലി വാഗ്ദാന തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎ കത്ത് നൽകി. മലപ്പുറം, കോഴിക്കോട് സ്വദേശികളും, മംഗലാപുരം സ്വദേശിയുമാണ് തട്ടിപ്പിനിരയായത്. കമ്പോഡിയയിലെ അനധികൃത തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്നും സാഹസികമായി ഇവർ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് തട്ടിപ്പിനിരയായവരെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.