ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്: പൊറുതിമുട്ടി കുറ്റ്യാടി മേഖലയിലെ ജനം


കുറ്റ്യാടി: പാടത്തും പറമ്പിലും സ്കൂളിൽ വരെ കാട്ടുപന്നികളുടെ ശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. കാട്ടുപന്നികൾ ഒറ്റയ്ക്കും കൂട്ടമായും ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നതോടെ കുറ്റ്യാടിമേഖലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.

കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചങ്ങരംകുളം യുപി സ്കൂൾ ക്ലാസ്മുറിയിൽ ഓടി കയറിയ പന്നി പരിഭ്രാന്തി സൃഷ്ടിച്ചു. കായക്കൊടി ടൗണിൽ ബൈക്ക് യാത്രികനായ ചൂർക്കുഴിമൽ കുറ്റിപ്പുറം ദിനേശൻ മക്കളായ അർജുൻ , ആരവ് എന്നിവർക്ക് സാരമായി പരിക്കുപറ്റി.

ടൗണിൽ നിന്ന് കോളനിയിലെത്തിയ പന്നി രണ്ട്പേരെ കുത്തിപ്പൊരിക്കൽപ്പിച്ചു. ഇവരെ കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നരിക്കൂട്ടുംചാൽ ബസ് കാത്തിരിപ്പുക കേന്ദ്രത്തിന് സമീപമാണ് പന്നിയെ കണ്ടത്. ഇവിടെനിന്ന് ചങ്ങരംകുളം യുപി സ്കൂളിലും, കായക്കൊടി ടൗൺ, ഉണിക്കണ്ട വീട്ടിൽ കോളനി എന്നിവിടങ്ങളിലും എത്തുകയായിരുന്നു.

കതിരണിഞ്ഞ നെല്ലുകൾ നശിപ്പിച്ചത് കർഷകർക്ക് ആഘാതമായിരിക്കുകയാണ്.മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപത്തെ നാലാംകണ്ടം ഭാഗത്തു കാട്ടുപന്നി ശല്യം രൂക്ഷം ആയിരിക്കുകയാണ്. ചേന ചേമ്പ് മരിച്ചീനി കാച്ചിൽ എന്നിവയ്ക്ക് പുറമേ ചെറിയ തെങ്ങിൻ തൈകൾ നശിപ്പിക്കുന്നതും പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്. ജാനകിക്കാട് വനമേഖലയിൽ നിന്നാണ് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് എത്തുന്നത് കാട്ടുപന്നി ശല്യം കാരണം ഇടവിള കൃഷി ഉപേക്ഷിച്ച കർഷകർ വാഴകൃഷിയിൽ അഭയം തേടിയെങ്കിലും വാഴകളും വ്യാപകമായി നശിപ്പിക്കൽ തുടരുകയാണ്.

കുറ്റ്യാടി വനം വകുപ്പ് അധികൃതരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡണ്ട് നിർദ്ദേശിച്ചിട്ടുണ്ട്.