പി.ജയരാജൻ്റെ പുസ്തക പ്രകാശനവേദിക്ക് പുറത്ത് പുസ്തകം കത്തിച്ച് പി.ഡി.പിയുടെ പ്രതിഷേധം


കോഴിക്കോട്: സിപിഎം നേതാവ് പി.ജയരാജന്‍ എഴുതിയ ‘കേരള മുസ്‌ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച്‌ പിഡിപി പ്രവർത്തകരുടെ പ്രതിഷേധം. കോഴിക്കോട് വെച്ചു നടന്ന പുസ്തക പ്രകാശന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. ഇന്ന് വൈകീട്ട് കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുസ്തക പ്രകാശനം നിർവഹിച്ചത്.

പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ബാബറി മസ്ജിദിന്‍റെ തകർച്ചയ്ക്കുശേഷം മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളർത്തുന്നതില്‍ അബ്ദുള്‍നാസർ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജൻ പുസ്തകത്തില്‍ പറഞ്ഞിരുന്നു. എന്നാൽ പുസ്തകത്തിലെ എല്ലാ നിലപാടുകളും പാർട്ടി നിലപാടുകളല്ലെന്നും ജയരാജന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ കാണണമെന്നും പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അബ്ദുൾ നാസർ മഅദനിയുടെ ആദ്യകാല പ്രസംഗങ്ങളും പ്രവർത്തനങ്ങളും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചിരുന്നതായി പുസ്തകത്തിൽ വന്ന പരാമർശങ്ങളാണ് വിവാദമായത്. മഅദനി രൂപവത്കരിച്ച ഐഎസ്‌എസിന്‍റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. പൂന്തുറ കലാപത്തില്‍ ഐഎസ്‌എസിനും ആർഎസ്‌എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജൻ വിശദീകരിക്കുന്നു.

Summary: PDP’s protest by burning the book outside P. Jayarajan’s book launch