തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു
തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ് ഒരുക്കിയത്. 14 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടിൻറെ പ്രവൃത്തിപൂർത്തീകരിച്ചത്. പോലീസിനൊപ്പം പൊതുജനങ്ങളുടെ സാമ്പത്തികവും ശാരിരിക അധ്യാനവും നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായിരുന്നു.
സ്നേഹവീടിന്റെ താക്കോൽദാനം ടൂറിസം -പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജനമൈത്രി പോലീസ് എന്ന പേര് അന്യർത്ഥമാക്കുന്ന തരത്തിലാണ് പയ്യോളി പോലീസ് പ്രവർത്തിച്ചതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നല്ല നിലയിൽ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ് ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നത്. വീടിൻറെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ പോലീസുകാരെയും പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ബിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വപ്ന വീടിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
തുറയൂർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, ഡിവൈഎസ്പി ആർ ഹരിപ്രസാദ്, ഇൻസ്പെക്ട,ർ കെ.സി സുഭാഷ് ബാബു, ജനമൈത്രി പ്രോജക്ട് അസിസ്റ്റൻറ് നോഡൽ ഓഫീസർ എം.നാസർ, പോലീസ് സംഘടനാ പ്രതിനിധികളായ സി.കെ സുജിത്ത്, പി.ടി.സജിത്ത്, കെ.കെ ഗിരീഷ്, തെനങ്കാലിൽ ഇസ്മയിൽ, എ.കെ അബ്ദുറഹിമാൻ, എം.പി ഷിബു, സീനീയർ സിവിൽ പോലീസ് ഓഫീസർ കെ.സുനിൽ,
ബിടിഎം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ സുചിത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ.എം രാമകൃഷ്ണൻ സ്വാഗതവും പയ്യോളി ജനമൈത്രി പോലീസ് ഓഫീസർ വി.ജിജോ നന്ദിയും പറഞ്ഞു.
Summary: Payyoli janamaithri police and thurayur native build house for Radha and fathima. Inagurated by Minister P A Muhammed Riyas