പെരുമാള്‍പുരത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ബാര്‍ഡ് പൊളിച്ച് മാറ്റി പൊലീസ്; പുനഃസ്ഥാപിച്ച് ഭക്തര്‍, പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനം


പയ്യോളി: പൊലീസും റവന്യു അധികൃതരും തിക്കോടിയന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് മുറിച്ചുമാറ്റിയ ബോര്‍ഡ് രാത്രിയോടെ പുനഃസ്ഥാപിച്ച് ഭക്തര്‍. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പയ്യോളി ടൗണില്‍ ഒരുസംഘം പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

കാലങ്ങളായി തിക്കോടിയന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളും പെരുമാള്‍പുരം മഹാശിവക്ഷേത്രവും തമ്മിലുള്ള സ്ഥലപ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഭവങ്ങളും. ക്ഷേത്രത്തോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് ദേശീയപാതയോടടുത്ത സ്ഥലത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.

ഇത് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് ആയതിനാലാണ് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ നീക്കം ചെയ്തതെന്ന് പൊലീസ് പറയുന്നു.

വൈകിട്ടോടെ ബോര്‍ഡ് പുനഃസ്ഥാപിക്കപ്പെട്ടു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ക്ഷേത്രപരിസരത്ത് നിന്ന് പയ്യോളി ടൗണ്‍ വരെ പ്രതിഷേധ പ്രകടനവും നടന്നു.

പ്രശ്‌നപരിഹാരത്തിനായി നാളെ വടകര ആര്‍.ഡി.ഒ ചര്‍ച്ച വിളിച്ചിട്ടുണ്ട്.