കൊച്ചി ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസ്: പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചു


പയ്യോളി: കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ (27) തെളിവെടുപ്പിനായി പോലീസ് പയ്യോളിയില്‍ കൊണ്ടുവന്നു. അര്‍ഷാദ് നേരത്തെ ജോലിക്കുനിന്ന കൊണ്ടോട്ടിയിലെ ജൂവലറിയില്‍നിന്ന് മോഷ്ടിച്ചസ്വര്‍ണം പയ്യോളിയിലെ വ്യാപാരിക്കാണ് വിറ്റതെന്നമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച്ച രാവിലെ പത്തിന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെനീണ്ടു. ജൂലായ് 14-നാണ് മൂന്നുപവന്റെ ആഭരണവുമായി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ധനകാര്യസ്ഥാപനത്തില്‍ എത്തുന്നത്. സമീപത്തെ സ്വര്‍ണപ്പണിക്കാരനെ വിളിച്ച് ധനകാര്യസ്ഥാപനക്കാര്‍ ആഭരണം പരിശോധിച്ചെങ്കിലും അര്‍ഷാദ് അവിടെ പണയംവെച്ചില്ല. പിന്നീട് ആ സ്വര്‍ണപ്പണിക്കാരന്റെ കടയില്‍ പോയി അത് വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയും വാങ്ങി. സ്വര്‍ണ വ്യാപാരിയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ പണം ഉപയോഗിച്ചാണ് പ്രതി ലഹരി വസ്തു വാങ്ങിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അര്‍ഷാദും മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് സജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

അര്‍ഷാദ് പിടിയിലാവുന്നതിന്റെ തലേദിവസം കോഴിക്കോട് എത്തിയ സ്ഥലങ്ങളിലും പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.

summary: payyoli brought Arshad, a native of payyoli, accused in the case of the murder of a young manin kochi flat, for evidence