വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ


വടകര: വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം.

വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങലിലെ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലിസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേന മുഹമ്മദ് റിഷാദ് കടകളിലെത്തി കടക്കാരുടെ ആദാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചു വാങ്ങിയ ശേഷം തതന്ത്രപരമായി ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഇയാൾ നേരത്തെ പേടിഎം ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

രണ്ട് ലക്ഷത്തോളം രൂപയാണ് കച്ചവടക്കാർക്ക് നഷ്ടമായത്. വൈക്കിലശ്ശേരിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് റാഷിദിനെ പോലിസ് അറസ്റ്റ് ചെയ്തത്. എസ് ഐ രഞ്ജിത് എം കെ, എഎസ്ഐമാരായ ​ഗണേശൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലിസ് പറഞ്ഞു.