കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റ് പയ്യോളിയുടെ സ്വന്തം പി.ടി.ഉഷയ്ക്ക്


പയ്യോളി: കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റിന് രാജ്യസഭാംഗവും പയ്യോളിക്കാരിയുമായ പി.ടി. ഉഷ അര്‍ഹയായി. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ പി.ടി. ഉഷ 20 വര്‍ഷമായി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന സ്ഥാപനം നടത്തിവരികയാണ്. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.