‘പേയ്‌മെന്റ് സെര്‍വര്‍ ഈസ് ബിസി’; രാജ്യമൊട്ടാകെ പണിമുടക്കി യു.പി.ഐ സേവനം, പണമയയ്ക്കാന്‍ സാധിക്കാതെ വലഞ്ഞ് ഉപഭോക്താക്കള്‍
ഡല്‍ഹി: രാജ്യമൊട്ടാകെ യു.പി.ഐ സേവനം തകരാറിലായി. യുപിഐ സേവനം നിലച്ചതോടെ പേയ്ടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവ വഴിയുള്ള പണമിടപാടുകള്‍ നടത്താനാവാതെ ഇതോടെ നിരവധി ഉപഭോക്താക്കളാണ് വലഞ്ഞത്. രാവിലെ 11.30ഓടെയാണ് യുപിഐ സേവനം മുടങ്ങുന്നത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ എത്തിയത്. ഉച്ചയോടെയും പരിഹരിച്ചിട്ടില്ല.
യുപിഐ വഴി പണം അയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ‘പേയ്‌മെന്റ് സെര്‍വര്‍ ഈസ് ബിസി’ എന്ന സന്ദേശമാണ് പലര്‍ക്കും ലഭിക്കുന്നത്. സാങ്കേതിക പ്രശ്‌നമാണ് കാരണമെന്നും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ട്വീറ്റ് ചെയ്തു.

യുപിഐ പണിമുടക്കിയത് വാണിജ്യ മേഖലയെയും സാരമായി ബാധിച്ചു. ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലെല്ലാം കറന്‍സി പണമിടപാടുകള്‍ നടത്തേണ്ട സ്ഥിതിയാണുള്ളത്. എക്‌സ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ യുപിഐ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് പരാതികള്‍ പ്രവഹിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 6-ാം തവണയും ഒരുമാസത്തിനിടെ മൂന്നാംതവണയുമാണ് യുപിഐ സേവനം തടസ്സപ്പെടുന്നത്.