മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കാണാം പയംകുറ്റിമലയില്‍ നിന്നുള്ള വടകരക്കാഴ്ചകള്‍


കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല.

വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഉദയവും അസ്തമയവും ഒരേപോലെ വീക്ഷിക്കാന്‍ കഴിയുന്ന ഈ പ്രദേശം നയന മനോഹര കാഴ്ചകളാല്‍ സമ്പുഷ്ടമാണ്. ഉദായസ്തമയ കാഴ്ചകള്‍ കാണാന്‍ നിരവധിപേരാണ് ഇവിടെ എത്താറുള്ളത്. 1989–90 ലാണ് പയംകുറ്റിമലയില്‍ മുത്തപ്പന്‍ ക്ഷേത്രം വരുന്നത്. ഇതോടെയാണ് മലയിലെ ടൂറിസം വികസന സാധ്യതകള്‍ക്ക് ചിറകുമുളച്ചത്.

പയംകുറ്റിമല ടൂറിസം വികസന സമിതി 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേജും വാച്ച് ടവറും നിര്‍മിച്ചിരുന്നു. പേരാമ്പ്ര റോഡില്‍നിന്നും ലോകനാര്‍കാവില്‍നിന്നും പയംകുറ്റിമലയിലേക്കുള്ള റോഡ് പഞ്ചായത്തും ബ്ലോക്കും ചേര്‍ന്ന് നവീകരിച്ചതിനാല്‍ വാഹനങ്ങളില്‍ മലമുകളിലേക്ക് ആര്‍ക്കും എത്താം. നയന മനോഹര കാഴ്ചയൊരുക്കുന്ന വ്യു പോയിന്റ് ഗ്യാലറി ഇവിടെയൊരുക്കിയിട്ടുണ്ട്.

കിഴക്കും പടിഞ്ഞാറും ഭാഗത്തെ നടപ്പാതയില്‍ നിന്നുകൊണ്ട് ഉദയാസ്തമയ കാഴ്ചകള്‍ ഭംഗിയായി കാണാം. ചുറ്റുമതിലിനുള്ളില്‍ കഫ്റ്റീരിയയും പൂന്തോട്ടവും വിളക്കുകാലുകളും സജ്ജമാക്കിയിട്ടുണ്ട്.

കാഴ്ചകള്‍ കാണുന്നതിനൊപ്പം ഭക്തിസാന്ദ്രമായ ഒരിടം കൂടിയാണ് ഇവിടം. പയംകുറ്റിമലയിലെ മടപ്പുര മുത്തപ്പന്റെ ക്ഷേത്രത്തില്‍ തൊഴാനായി എത്തുന്ന സഞ്ചാരികളും കുറവല്ല. പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രവും പയംകുറ്റിമലയ്ക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

വടകര ടൗണില്‍ നിന്ന് തിരുവള്ളൂര്‍ റൂട്ടിലാണ് പോകേണ്ടത്. പേരാമ്പ്രയില്‍ നിന്നും ചാനിയം കടവ് വഴി വടകരയ്ക്കു പോകുന്ന വഴിയില്‍ പണിക്കോട്ടി എത്തുന്നതിന് തൊട്ടുമുമ്പായുള്ള വളവില്‍ വലതുവശത്തായി പയംകുറ്റിമല എന്ന ബോര്‍ഡ് കാണാം. അതുവഴി റോഡിലൂടെ കുത്തനെയുള്ള കയറ്റം കയറിയാല്‍ പയംകുറ്റിമലയില്‍ എത്തിച്ചേരാം.