പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെയും തിയേറ്റേഴ്‌സിന്റെയും വാര്‍ഷികാഘോഷം; മാര്‍ച്ച് 11 ന് ചിത്ര പ്രദര്‍ശനവും സാംസ്‌കാരിക സായാഹ്നവും നാടകവും


പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ 36-ാ മതും തിയേറ്റേഴ്‌സിന്റെ 43-ാമതും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 11 ന് ചിത്ര പ്രദര്‍ശനവും സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിക്കും. ജനുവരി 26 മുതല്‍ വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക പരിപാടികള്‍ വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടന്നു വരികയാണ്.

സമാപന ദിവസമായ മാര്‍ച്ച് 11 ന് കാലത്ത് 10 മണി മുതല്‍ ദിക്യാമ്പ് പേരാമ്പ്രയിലെ ഇരുപത്തി നാലോളം ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്. വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ ഗാനരചയിതാവ് മധുമഴ ഫെയിം ഇ.വി. വത്സന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ ജനുവരി 26 ന് നടന്ന രചനാ മത്സര വിജയി കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. കുട്ടികളുടെയും നവീന വനിതാവേദിയുടെയും വിവിധ കലാപരിപാടികള്‍, നാടന്‍ പാട്ടുകള്‍ ചേര്‍ന്ന നാട്ടു ചൊല്ലും പാട്ടും ഉണ്ടായിരിക്കും.

രാത്രി 9 മണിക്ക് ഭാസ അക്കാദമി കൊയിലാണ്ടി അവതരിപ്പിക്കുന്ന ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് രചിച്ച എരി എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം ഉണ്ടായിരിക്കുന്നതാണ്.