വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം; കക്കയത്തേക്ക് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന് നാട്ടുകാര്‍
പേരാമ്പ്ര: കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയത്തേക്ക് ബസ് സര്‍വ്വീസ് നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാര്‍. നേരത്തെ ഏഴ് ബസ് സര്‍വ്വീസുണ്ടായിരുന്ന ഇവിടെ നിലവില്‍ രണ്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
കക്കയം-തലയാട്- കോഴിക്കോട് പാതയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇപ്പോള്‍ ബസ് സര്‍വീസില്ല. ബസുകള്‍ പലതും തലയാട് വരെ വന്ന് തിരിച്ചു പോവാറാണ് പതിവ്. കക്കയം ഭാഗത്തേക്ക് യാത്രക്കാര്‍ കുറവായത് കൊണ്ടാണ് ബസുകള്‍ തലയാട് നിന്ന് തിരിച്ച് പോവുന്നത് എന്നാണ് ബസുടമകള്‍ പറയുന്നതെന്ന് കൂരാച്ചുണ്ട് വാര്‍ഡ് അംഗം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു
ബസ് സര്‍വീസ് മുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ഭീമമായ തുക നല്‍കി ടാക്‌സി വാഹനങ്ങളെ ആശ്രയിച്ചിരിക്കുകയാണ്. കരിയാത്തുംപാറ ഇരുപത്തിയെട്ടാം മൈല്‍, കല്ലാനോട് ഇരുപത്തി ഏഴാം മൈല്‍ എന്നിവിടങ്ങളിലാണ് യാത്ര ദുരിതം കൂടുതലുള്ളത്.
ഈ ഭാഗങ്ങളിലേക്ക് നിര്‍ത്തിവെച്ച ബസുകള്‍ സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.