കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; തള്ളിയിട്ടതാണെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു വെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചതെന്ന ആക്ഷേപമുണ്ട്.

സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയായിരുന്നു അപകടം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Summary: Passenger dies after falling from train at Kozhikode railway station; Suspected to have pushed, one person in custody