പാര്‍വതിയുടെ ഖുര്‍ആന്‍ പാരായണത്തില്‍ ലയിച്ച് തോടന്നൂര്‍ ഉപജില്ലാ കലോത്സവവേദി; അറബി സംഘഗാനമുള്‍പ്പടെയുള്ള മത്സരത്തിലും താരമായി ഈ മിടുക്കി
തോടന്നൂര്‍: സബ് ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ താരമായി പാര്‍വതി. ഖുര്‍ആന്‍ പാരായണം അറബി ഉച്ചാരണത്തിന്റെ ശരിയായ രൂപത്തില്‍ തന്നെ അവതരിപ്പിച്ചാണ് പാര്‍വതി ശ്രദ്ധേയയായത്. ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പാര്‍വതി.
ഒന്നാം ക്ലാസ് മുതല്‍ സ്‌കൂളില്‍ അറബി പഠിപ്പിക്കുന്നു എന്നറിഞ്ഞത് മുതല്‍ പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് മക്കളെ പുതിയ ഒരു ഭാഷ പഠിപ്പിക്കണം എന്ന് ആഗ്രഹം തോന്നി. മക്കളോട് ചോദിച്ചപ്പോള്‍ രണ്ടുപേര്‍ക്കും പൂര്‍ണ്ണ സമ്മതം. അങ്ങനെയാണ് പാര്‍വ്വതിയും ഇരട്ട സഹോദരിയായ പാര്‍വ്വണയും ഒന്നാം ക്ലാസ് മുതല്‍ അറബി പഠിക്കാന്‍ തുടങ്ങിയത്.
പഠിക്കാന്‍ രണ്ടു കുട്ടികളും മിടുക്കരാണെന്ന് സ്‌കൂള്‍ അറബി അധ്യാപികയായ റുക്കിയ ടീച്ചര്‍ പറയുന്നു. വളരെ താല്പര്യത്തോടെയും ആവേശത്തോടെയും ആണ് അവര്‍ അറബി വിഷയം പഠിച്ചത്. ഇപ്പോള്‍ അക്ഷരങ്ങള്‍ എല്ലാം കൃത്യമായി അറിയാം.
കൊറോണക്ക് മുന്‍പ് ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പാര്‍വതി ആദ്യമായി അറബി പദനിര്‍മാണത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഖുര്‍ആന്‍ പാരായണത്തിന് പുറമേ അറബി സംഘഗാനം,മലയാളം ,സംഘഗാനം എന്നീ മത്സരങ്ങളില്‍ കൂടി പങ്കെടുക്കുന്നുണ്ട് പാര്‍വ്വതി . ഇന്നലെ നടന്ന ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ സെക്കന്‍ഡ് എ ഗ്രേഡും മലയാളം പ്രസംഗത്തില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.
ചെമ്മരത്തൂര്‍ പ്രഭാലയത്തില്‍ ഐ.ടി പ്രൊഫഷണൽ ആയ നളീഷ് ബോബിയുടേയും ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക ദിനപ്രഭയുടേയും മകളാണ് പാര്‍വ്വതി. സഹോദരി പാര്‍വ്വണയും നാളെ നടക്കുന്ന അറബി ആംഗ്യപാട്ട്, കഥ പറയല്‍, സംഘഗാനം, മലയാളം മോണോ ആക്ട്, സംഘഗാനം, എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
മക്കളുടെ നേട്ടങ്ങളിലെല്ലാം ഏറെ അഭിമാനം തോന്നുന്നുണ്ട് എന്നും മത്സരങ്ങളിൽ എല്ലാം പൂർണ്ണമായി അവരെ പിന്തുണയ്ക്കുന്നത് അവരുടെ അറബി അദ്ധ്യാപിക റുഖിയ ടീച്ചർ ആണെന്നും പാര്‍വ്വതിയുടെ രക്ഷിതാക്കൾ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.