കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി, എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാൻ തീരുമാനം
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാൻ തീരുമാനമായി. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നൽകും.
കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ദിവ്യ റിമാൻഡിലാണ്. അടിയന്തരമായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം . ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതിചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു. ദിവ്യയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.