കോഴിക്കോട് ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ വടകരയിൽ ഭാ​ഗികം; സ്വകാര്യ ബസുകൾ ഭൂരിഭാ​ഗവും സർവ്വീസ് നടത്തി, നഗരത്തിൽ തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു


കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോ​ഗമിക്കുന്നു. വടകരയിൽ ഹർത്താൽ ഭാ​ഗികമാണ്. തലശ്ശേരി, കണ്ണൂർ റൂട്ടിലെ ബസുകൾ ഉൾപ്പടെ ഭൂരിഭാ​ഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു.

അതേ സമയം ഇന്ന് ഞായറാഴ്ചയായതിനാൽ വടകരയിലെ കടകളെല്ലാം പൊതുവേ അവധിയാണ്.പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുറന്ന കടകൾ സമരാനുകൂലികളെത്തി അടപ്പിച്ചു. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴവാക്കിയിരുന്നു. അതിനാൽ ടൗണുകളിലെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.