‘റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുന്നു, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവ് പിന്‍വലിക്കണം’; സമരപരിപാടികളുമായി മുന്നോട്ടെന്ന് ഡി.വൈ.എഫ്.ഐ
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം കനക്കുന്നു. വാഹന പാര്‍ക്കിങിനായി സജ്ജീകരിച്ച പുതിയ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീമമായ ചാര്‍ജ് ഏര്‍പ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും, റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ചാര്‍ജ് വര്‍ധന വന്‍ തിരിച്ചടിയാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഫീസില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 12 രൂപയായിരുന്നിടത്ത് ഇന്ന് 20 രൂപ കൊടുക്കണം. കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് 12 മണിക്കൂറിന് 60 രൂപയും 24 മണിക്കൂറിന് 100 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. ആവശ്യത്തിന് മേല്‍ക്കൂര പോലും പുതിയ പാര്‍ക്കിങ് ഏരിയയില്‍ ഇല്ല. അമിത ചാര്‍ജ് പിന്‍വലിക്കാത്ത പക്ഷം സമരപരിപാടികളുമായി ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Description: Parking fee hike at Vadakara railway station should be withdrawn; DYFI