പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി സംഘങ്ങള്‍ വ്യാപകമെന്ന് രക്ഷിതാക്കളും നാട്ടുകാരും; ശക്തമായ ബോധവത്കരണ പരിപാടികള്‍ വേണമെന്ന ആവശ്യം ഉയരുന്നു


പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നതായി പരാതി. പേരാമ്പ്ര ടൗണ്‍, ബസ്റ്റാന്‍ഡ് പരിസരം, മരക്കാടി മേഖല, പൈതോത്ത് റോഡ്, ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ മേഖലകള്‍ എന്നിവിടങ്ങളില്‍ ലഹരി മാഫിയയുടെ ഏജന്റുമാര്‍ തമ്പടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ലഹരി വസ്തുവില്‍പനക്കെതിരെ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് രക്ഷിതാക്കളും കച്ചവടക്കാരും പറയുന്നു. വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ ശ്രമം നടത്തുന്നതായും പെണ്‍കുട്ടികള്‍ വരെ ഇതില്‍ പങ്കാളികളാവുന്നതായും രക്ഷിതാക്കള്‍ ആരോപിച്ചു.

കൂരാച്ചുണ്ടില്‍ എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം മൂന്നു യുവാക്കള്‍ പൊലിസ് പിടിയിലായിരുന്നു. ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍, കോളജ് അധികൃതരും വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംവിധാനമൊരുക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ വിജയന്‍ ആവള പറഞ്ഞു.

Summary: Parents and locals say that drug gangs are widespread in and around Perampra town; There is a need for strong awareness programs