പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി


കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പെൺകുട്ടി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നൽകിയത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നൽകിയത്. ആദ്യത്തെ അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നൽകിയത്.

ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാർഹിക പീഡന പരാതി നൽകിയത്. എന്നാൽ യുവതി പരാതിയിൽ നിന്ന് പിന്മാറിയതോടെ ഒരു മാസം മുൻപ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്തു. അതിനിടെ രാഹുൽ മർദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നൽകുകയായിരുന്നു.

കറിയിൽ ഉപ്പ് കുറഞ്ഞെന്നാരോപിച്ച് രാഹുൽ മർദിച്ചതായാണ് യുവതി രണ്ടാമത് പൊലീസിൽ പരാതി നൽകിയത്. തലയ്ക്കുൾപ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേർന്നാണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ നരഹത്യ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനൊപ്പം കഴിയാൻ താൽപര്യമില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്.