പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്: പരാതിക്കാരി പിന്മാറി, കേസ് ഹൈക്കോടതി റദ്ദാക്കി


കോഴിക്കോട്: ഏറെ വിവാദങ്ങളുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിച്ചത്.

കോഴിക്കോടേക്ക്‌ വിവാഹം കഴിച്ച് എത്തിയ വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ചത്‌. ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതിയായതിനാല്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും, പിന്നാലെ രാഹുല്‍ ജോലി ചെയ്തിരുന്ന ജര്‍മനിയിലേക്ക് കടന്നു കളയുകയുമായിരുന്നു.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് യുവതി രംഗത്ത് വന്നു. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു എന്നുമാണ് ഹർജിയിൽ രാഹുൽ പറഞ്ഞത്. മാത്രമല്ല ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും
അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും കോടതിയെ അറിയിച്ചിരുന്നു.

പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം പരിഗണിക്കുകയായിരുന്നു. നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്.

Description: pantheerankavu domestic violence case; Complainant withdraws, High Court quashes case