മഞ്ചേശ്വരത്ത് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം
മഞ്ചേശ്വരം: ശാസ്ത്രമേള നടക്കുന്നതിനിടെ സ്‌കൂളില്‍ പന്തല്‍ പൊളിഞ്ഞുവീണ് അപകടം. മുപ്പതോളം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അധ്യാപകരടക്കം ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട് മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളക്കിടെ ഉച്ചയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ മംഗല്‍പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലയ്ക്ക് അടക്കം പരിക്കേറ്റ അഞ്ചുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് കുട്ടികളും ഒരു അദ്ധ്യാപകനുമാണ് ഇവിടെ ചികിത്സയിലുളളത്. 40 പേര്‍ക്കാണ് ആകെ പരിക്കേറ്റതെന്നാണ് വിവരം.
ഇരുമ്പ് ഷീറ്റുകള്‍ വലിയ ശബ്ദത്തോടെ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പന്തല്‍ തകര്‍ന്നുവീണത് കണ്ട് ഓടിയ കുട്ടികളില്‍ ചിലര്‍ക്ക് നിലത്ത് വീണ് പരിക്കേറ്റിട്ടുണ്ട്. ആകെ മൂന്ന് പന്തലുകളാണ് സ്‌കൂള്‍മുറ്റത്തുണ്ടായിരുന്നത്. രണ്ടെണ്ണം തുണി ഉപയോഗിച്ച് നിര്‍മ്മിച്ചതും ഒന്ന് ഷീറ്റുകൊണ്ടുളളതും. ഇതില്‍ ഷീറ്റുകൊണ്ടുളളതാണ് തകര്‍ന്നുവീണത്.
അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.