ചക്കിട്ടപ്പാറ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വേഗം കൂടും; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് പഞ്ചായത്ത് അധികൃതര്‍


ചക്കിട്ടപ്പാറ: പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തിയ സംഘം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി മന്ത്രിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ ചര്‍ച്ചകള്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തുവാനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ആരോഗ്യ/ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് മന്ത്രിമാരെ കണ്ടത്.

പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍എ ടി.പി.രാമകൃഷ്ണനൊപ്പം ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തതായി സംഘം അറിയിച്ചു.


Also Read: ‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ വിവാദ വാട്‌സ്ആപ്പ് ചാറ്റ്; കെ.എസ്.ശബരീനാഥ് അറസ്റ്റില്‍


 

പെരുവണ്ണാമൂഴിയില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയെ കുറിച്ചുള്ള പഞ്ചായത്തിന്റെ രൂപരേഖ ടൂറിസം പൊതുമരാമത്ത് യുവജന ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കൈമാറുകയും ചെയ്തു. നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുന്ന ഈ ബൃഹത് പദ്ധതിക്ക് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

യാത്രാ സംഘത്തില്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അംഗങ്ങള്‍ ഇ.എസ്.ജെയിംസ്, ബോബി കാപ്പുകാട്ടില്‍ എന്നിവരും ഉണ്ടായിരുന്നു.

Summary: Panchayath authorities met ministers for Chakkittappara sports complex project