അടുപ്പുകല്ല് പോലെ മൂന്ന് മലകള്‍, തിളച്ചുതൂകുന്ന പാല് പോലെ കോടമഞ്ഞും; മഴയൊന്ന് കുറഞ്ഞാല്‍ പാലുകാച്ചിമലയിലേക്ക് ട്രക്കിങ്ങിന് റെഡിയല്ലേ!!


കലെ നിന്ന് നോക്കിയാല്‍ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകള്‍ കാണാം, പിന്നെ തൂവെള്ളനിറത്തില്‍ കോടമഞ്ഞും ഇതൊക്കെ കൊണ്ടാവാം കണ്ണൂരിലെ ഈ മലനിരയെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്.

ഇതുവരെ ഇവിടേക്ക് ട്രക്കിങ് സൗകര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ കാഴ്ചകള്‍ ഇഷ്ടമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുല്‍മേടുകളും വിശാലമായ ദൂരത്തോളം നാട്ടിന്‍പുറങ്ങളും മല മുകളില്‍ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിര്‍ത്ത് തിരികെ മടങ്ങാം.

സമുദ്ര നിരപ്പില്‍ നിന്ന് 2347 അടി ഉയരത്തിലാണ് പാലുകാച്ചിമല. കോടമഞ്ഞിറങ്ങുമ്പോള്‍ പാലുകാച്ചിപ്പാറയ്ക്കു സൗന്ദര്യമേറെയാണ്. മലയും പ്രകൃതിയും മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ നിന്നു സഞ്ചാരികളെ മാടിവിളിക്കും. ട്രെക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആര്‍ക്കും മലമുകളിലേക്ക് നടന്നു കയറാം, പക്ഷേ കോടമഴയത്ത് യാത്ര തിരിക്കരുതെന്ന് മാത്രം.

കൊട്ടിയൂര്‍ ടൗണ്‍, ചുങ്കക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് പാലുകാച്ചിയിലേക്ക് റോഡുകള്‍ ഉണ്ട്. കേളകം ടൗണില്‍ നിന്ന് അടയ്ക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യമല ശാന്തിഗിരി വഴിയും പാലുകാച്ചിയില്‍ എത്താം. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വൈകിട്ട് ആറ് മണിക്ക് മുന്‍പ് സഞ്ചാരികള്‍ വനത്തിന് പുറത്ത് കടക്കണം. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ, ക്യാമറ 100 രൂപ എന്നിങ്ങനെയാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:

പത്തുപേര്‍ വീതമുള്ള സംഘമായി ആണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തി വിടുക. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും. കാടിന് അകത്തേക്ക് അനുമതി കൂടാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്.

ഓരോ സംഘത്തിനും ഒരു മണിക്കൂര്‍ മാത്രം മലമുകളില്‍ ചെലവഴിക്കാം. പ്രത്യേകം നിയോഗിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ സംഘത്തിന് ഒപ്പം ഉണ്ടായിരിക്കും.

ന്മവനത്തിന് അകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത്. വെള്ളവും മറ്റും പ്ലാസ്റ്റിക് കുപ്പികളില്‍ കൊണ്ടുവന്നാല്‍ നിശ്ചിത തുക കൗണ്ടറില്‍ ഡിപ്പോസിറ്റ് ചെയ്യണം. തിരികെ വരുമ്പോള്‍ കൊണ്ടുപോയ കുപ്പി കൗണ്ടറില്‍ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ ഡിപ്പോസിറ്റ് തുക തിരികെ നല്‍കും.

ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.

വനത്തിനും വന്യ ജീവികള്‍ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. വനത്തിന് ഉള്ളില്‍ നിന്ന് യാതൊന്നും ശേഖരിക്കാന്‍ പാടില്ല.

നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാന്‍ പാടില്ല.

Summary: Palukachimala trekking