ചിത്രകാരനും നാടകസംവിധായകനുമായ മുരളി ഏറാമല അന്തരിച്ചു


ഉളിക്കൽ: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ മുരളി ഏറാമല ചൊക്ലി ഒളവിലത്ത് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ചിത്രകാരനും ശില്‍പിയും പാനൂര്‍ പിആര്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനുമാണ്.

പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നാടക പരിശീനത്തിലായിരുന്നു മുരളി. ഒളവിലത്തെ ബന്ധുവീട്ടിലായിരുന്നു താമസം. പരിശീലനത്തിന് ശേഷം തിങ്കളാഴ്ച രാവിലെ വീട്ടിലെത്തി പത്രം വായിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എറാമല ഓര്‍ക്കാട്ടേരിയിലെ കണിശന്‍കണ്ടി കുടുംബാംഗമാണ്. കുറേ വര്‍ഷമായി മണ്ഡപപ്പറമ്പിലാണ് താമസം. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: മിനി (അധ്യാപിക, പാനൂര്‍ പിആര്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), മക്കള്‍: മുരളിക, മന്‍സിക, മാളവിക (വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: പവിത്രന്‍ (റിട്ട.ചിത്രകല അധ്യാപകന്‍, മടപ്പള്ളി ഗവ.എച്ച്എസ്എസ്), ശശീന്ദ്രന്‍ (റിട്ട. അധ്യാപകന്‍), രമ (കോഴിക്കോട്), ഷൈല (തിരുവനന്തപുരം), ലീന (ഒളവിലം).

Description: Painter and theater director Murali Eramala passed away