ഇന്ത്യയിൽ തുടരാനാവുക നാളെ വരെ മാത്രം; പാക് പൗരത്വമുള്ള വടകര സ്വദേശിയുൾപ്പെടെ മൂന്ന് പേർക്ക് രാജ്യം വിടാൻ നിർദേശം
വടകര : വടകര സ്വദേശിയുൾപ്പെടെ പാക് പൗരത്വമുള്ള മൂന്ന് പേരോട് രാജ്യം വിടാൻ നിർദേശം. വടകര സ്വദേശികളായ രണ്ട് പേർ, കൊയിലാണ്ടി സ്വദേശിയായ ഓരാൾ എന്നിവർക്കാണ് രാജ്യം വിടണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയത്. വടകര വെെക്കിലശ്ശേരിയിൽ താമസിക്കുന്ന ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടി ബീച്ച് റോഡിൽ താമസിക്കുന്ന ഹംസ എന്നിവർക്കാണ് നിർദേശം ലഭിച്ചത്. ഇവർക്ക് നാളെ വരെ നാട്ടിൽ തുടരാനാണ് അനുവദിയുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. അതത് സംസ്ഥാനങ്ങൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇതിന്റെ തുടർച്ചയായാണ് പോലീസ് ഹംസയ്ക്കും നോട്ടിസ് നൽകിയത്. മതിയായ രേഖകൾ കെെവശമില്ലാത്തതിനാലാണ് ഹംസയ്ക്ക് നോട്ടിസ് നൽകിയതെന്ന് കൊയിലാണ്ടി പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. എപ്രിൽ 27 നകം രാജ്യം വിട്ടില്ലയെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യയിലെത്താനായി പാക് പൗരന്മാർക്ക് നൽകിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസകളും റദ്ദാക്കി. മെഡിക്കൽ വിസയിലെത്തിയവർ ഏപ്രിൽ 29-നകം രാജ്യം വിടണം. അല്ലാത്തവർക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.