‘ഞങ്ങളും കൃഷിയിലേക്ക്’: ചെറുവണ്ണൂരില്‍ എടക്കയില്‍ ഗ്രാമശീ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി


ചെറുവണ്ണൂര്‍: സര്‍ക്കാര്‍ പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക്’ ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂര്‍ എടക്കയില്‍ ഗ്രാമശീ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീല്‍ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.

75 സെന്റ് സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കി കുമ്മായം ചേര്‍ത്താണ് കൃഷി ആരംഭിച്ചത്. കുറ്റിപ്പയര്‍, വള്ളിപ്പയര്‍, പാവല്‍, വഴുതന, മത്തന്‍, വെള്ളരി, വെണ്ട, പടവലം കുമ്പളം, പച്ചമുളക്, ചീര, കണിവെള്ളരി, പീച്ചിങ്ങ എന്നിവയാണ് കൃഷി ചെയ്യുന്നത്.

കൃഷി ഒരുക്കുന്നതിനായി സാങ്കേതിക സാമ്പത്തിക സഹായവുമായി ചെറുവണ്ണൂര്‍ കൃഷിഭവനും രംഗത്തുണ്ട്. നല്ല ഭക്ഷണവും, നല്ല വരുമാനവും ഉറപ്പു വരുത്താന്‍ വേറിട്ട മാതൃക തീര്‍ക്കാന്‍ ഈ വര്‍ഷവും ഇവര്‍ കൃഷി വിപുലപ്പെടുത്തിയിട്ടുണ്ട്.

ഉണങ്ങിയ ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എല്ലുപൊടി, എന്നിവ അടിവളമായി ചേര്‍ത്ത് വാരമെടുത്തും, കുഴിയെടുത്തും തടമെടുത്തും ചകിരിച്ചോറും, കോഴി വളവും മിശ്രിതമാക്കി മേല്‍ മണ്ണുമായിചേര്‍ത്ത് അതിലാണ് മുളപ്പിച്ച പച്ചക്കറി തൈകള്‍ നട്ടത്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും തയ്യാറാക്കി വരുന്നു.

എടക്കയില്‍ ഗ്രാമശീ കര്‍ഷക സമിതി കൂട്ടായ്മയില്‍ ഉള്‍പ്പെട്ട വീട്ടുകാരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം കൃഷിക്കുണ്ട്. ചടങ്ങില്‍ കണ്‍വീനര്‍ സി.വേണു അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ പി.മോനിഷ, ഇ.ടി ഷൈജ, എ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മയിലെ കര്‍ഷകരായ കെ.വി വിനോദന്‍, കേളു ചെറുവലത്ത്, കുഞ്ഞാമി രായരോത്ത്, കെ.കെ രജീഷ്, സി.അരവിന്ദാക്ഷന്‍, ഇ.കെ അസീസ്, ശ്രീധരന്‍ കണ്ടിയില്‍, കെ.ഒ ബാലന്‍, കെ.ഒ സുരേന്ദ്രന്‍, കെ.കെ രാജീവന്‍ ഇ.എം സുരേഷ്, ടി.വി സുരേഷ് എന്നിവര്‍ പങ്കെടുത്തു. എം.അശോകന്‍ സ്വാഗതവും കെ.വി വിനോദന്‍ നന്ദിയും പറഞ്ഞു.

summary: organic vegetable farming is being implemented in cheruvannur