കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക; കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്


പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാ​ഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴകൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

2487 അടിയാണ് കക്കയം ഡാമിന്റെ പരമാവധി സംഭരണശേഷി. 2485 അടിയാകുമ്പോള്‍ ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കും. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് കക്കയം ഡാമിലേക്ക് ഇപ്പോള്‍ വെള്ളം ഒഴുക്കുന്നില്ല. കനത്ത മഴ തുടരുകയും ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കക്കയത്തേക്ക് തുറന്ന് വിടുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുകയും ഷട്ടര്‍ തുറക്കേണ്ടിയും വരും.

കക്കയത്ത് ഇപ്പോള്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ഇപ്പോള്‍ നടക്കുന്നത്. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ അനുമതി. തിരുവളളൂര്‍, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.