തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഭരണസമിതി യോഗത്തില്‍ നിന്നും യു.ഡി.എഫ് ഇറങ്ങിപ്പോയി: പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ചട്ടപ്രകാരമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്


കടിയങ്ങാട്: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി മെമ്പര്‍മാര്‍ ഇറങ്ങി പോയി. ഇവര്‍ പഞ്ചായത്ത് ഒഫീസിന് മുന്നില്‍ പ്രതിഷേധ യോഗം നടത്തി.

ഫണ്ടുകള്‍ വെട്ടികുറച്ചതിലും ചങ്ങരോത്ത് പഞ്ചായത്തില്‍ ഭരണ സ്തംഭനവും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു. വാര്‍ഡുകളില്‍ നടപ്പില്‍ വരുത്തേണ്ട മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങള്‍ക്ക് പോലും ഫണ്ട് ഇല്ലാതെ മുടങ്ങിയ സ്ഥിതിയിലാണെന്ന് മെമ്പര്‍മാര്‍ ആരോപിച്ചു. തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. കത്താത്ത തെരുവ് വിളക്കുകള്‍ക്കുള്ള വൈദ്യുതി ചാര്‍ജ് ആയിരക്കണക്കിന് രൂപ മാസങ്ങള്‍ മുടങ്ങാതെ വൈദ്യുതി ബോര്‍ഡില്‍ അടച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പഴയ പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ പൊതു സ്ഥലങ്ങളിളും നിരത്തുകളിലും വീട്ട് മാലിന്യങ്ങള്‍ ഹരിത സേന പ്രവര്‍ത്തകര്‍ ശേഖരിച്ചു വെച്ചത് കൊണ്ട് പോവാന്‍ കഴിയാതെ കെട്ടിക്കിടപ്പാണ്. തെരുവ് പട്ടികള്‍ കടിച്ചു പറിച്ച് കാക്കകള്‍ കൊത്തിവലിച്ചിട്ടത് പരിസരത്ത് ചിതറി കിടപ്പുണ്ട്. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള ഏട്ടോളം ശൗചാലയങ്ങള്‍ ശുചിത്വമില്ലാതെ അടച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഇ.ടി.സരീഷ്, അബ്ദുള്ള സല്‍മാന്‍, കെ.എം. ഇസ്മായില്‍, മുബഷിറ, ഗീത.വി.കെ, കെ.ടി.മൊഴ്തീന്‍, കെ.എം.അഭിജിത്ത്. ഫാത്തിമ.എം.കെ. എന്നിവര്‍ പങ്കെടുത്തു.

ഒരു പ്രമേയം അവതരിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഭരണസമിതി യോഗം നടക്കുന്നതിനിടയില്‍ കീശയില്‍ നിന്നും പേപ്പര്‍ എടുത്ത് പ്രമേയം എന്നുപറഞ്ഞ് വായിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുമതി നിഷേധിച്ചതാണ് യു.ഡി.എഫ് പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കാരണമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ചട്ടപ്രകാരം ഏഴുദിവസം മുമ്പ് പ്രമേയത്തിന്റെ കോപ്പിയ്‌ക്കൊപ്പം പ്രസിഡന്റിന് നോട്ടീസ് നല്‍കണം. പെട്ടെന്ന് ഒരു പ്രമേയം അവതരിപ്പിക്കണമെങ്കില്‍ അടിയന്തര സ്വഭാവമുള്ള എന്തെങ്കിലും സംഭവമായിരിക്കണം. അങ്ങനെയൊന്ന് ഇവിടെ നടന്നിട്ടില്ല. ഇതിനാലാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.