‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍


വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ മാറ്റി താമസിപ്പിക്കരുത്. അപകടകരമായ രീതിയില്‍ ഇപ്പോഴും അവിടെ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കണം. ഏതു സമയത്തും ഒരു ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചില വീടുകളില്‍ പ്രായമായവര്‍ മാത്രമാണ് ഉള്ളത്. വരുമാനം ഉണ്ടാക്കുന്ന ആള്‍ പോയി. ലോണ്‍ അടയ്ക്കാനുള്ളവരുണ്ട്. മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു