‘ഓപ്പറേഷൻ വിസ്ഫോടൻ’; സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന, വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ കോഴിക്കോട് 345 അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
കേരളത്തിൽ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസിനുള്ള അപേക്ഷകൾ അതത് ജില്ലാ കളക്ടർമാർ പരിശോധിച്ച ശേഷം 25 കി.ഗ്രാം വരെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള LE 5 ലൈസൻസ് നൽകുന്നത് അതാത് ജില്ലാ കളക്ടർമാരും 25 കി.ഗ്രാമിന് മുകളിൽ 500 കി.ഗ്രാം വരെയുള്ള LE 1 ലൈസൻസ് കേന്ദ്ര ഗവൺമെന്റിന് കീഴിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Petroleum and Explosive SafetyOrganization (PESO) ന്റെ സബ് സർക്കിൾ ഓഫീസും 500 കി.ഗ്രാമിന് മുകളിൽ ഉള്ള LE 3 ലൈസൻസ് ചെന്നൈയിലുള്ള PESO-യുടെ സോണൽ ഓഫീസുമാണ് നൽകി വരുന്നത്.
സംസ്ഥാനമൊട്ടാകേ നടത്തിയ പരിശോധനയിൽ വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ 822 അപേക്ഷകൾ നിലവിൽ തീർപ്പ് കല്പിക്കാതെ വിവിധ കളക്ടറേറ്റുകളിൽ കെട്ടികിടക്കുന്നതായും കണ്ടെത്തി. ഇവയിൽ കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂർ 40, തിരുവനന്തപുരം 31, കാസർകോഡ്, തൃശ്ശൂർ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെ അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
ഇന്നലെ ആരംഭിച്ച മിന്നൽ പരിശോധന രാത്രി വൈകിയാണ് പൂർത്തിയായത്. ലൈസൻസുകൾ നേടിയ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുന്നതാണെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് തുടർനടപടികൾക്കായി കൈമാറുന്നതാണെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.