യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് പാലേരി സ്വദേശി സൂരജിന്റെ ഹ്രസ്വചിത്രം
പാലേരി സ്വദേശി സൂരജ് സംവിധാനം ചെയ്ത ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!’ ചിരിയുടെ മാലപ്പടക്കവുമായി യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍.
ചിത്രം ഇത്രയേറെ സ്വീകാര്യത നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് സൂരജ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിന്റെ രചന സംവിധായകനായ സൂരജ് തന്നെയാണ് നിര്‍വഹിച്ചത്.
റൊമാന്‍സ് കോമഡി വിഭാഗത്തില്‍ പെടുന്ന ഹ്രസ്വചിത്രത്തില്‍, തളര്‍ന്നു കിടക്കുന്ന അപ്പാപ്പനെ നോക്കാനെത്തുന്ന ഹോം നഴ്‌സ് ആയാണ് ഉണ്ണി ലാലു എത്തുന്നത്. മുന്‍പ് ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ഉണ്ണിക്കൊപ്പം, കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ ദീപ തോമസിന്റെ നായിക കഥാപാത്രവും ശ്രദ്ധനേടി.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആശംസ് എസ്.പിയാണ്.എഡിറ്റിംഗ് നബു ഉസ്മാന്‍ നിര്‍വഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും അലോഷ്യ പീറ്ററിന്റേതാണ്. സൗണ്ട് ഡിസൈന്‍ മണികണ്ഠന്‍ എസ്. പ്രൊജക്റ്റ് ഡിസൈനിങ്ങ് ഗ്രിഫിന്‍ ആന്റണി.
1.3 കോടിയിലേറെ കാഴ്ചക്കാരുമായി വമ്പന്‍ ഹിറ്റ് ആയ ‘കളര്‍ പടം’ എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’യില്‍ ഷിന്‍സ് ഷാന്‍, ജോര്‍ഡി പൂഞ്ഞാര്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പാലേരി പുതുശ്ശേരി ഇല്ലത്ത് വീട്ടില്‍ സൂരജ് ഏതാനും വര്‍ഷങ്ങളായി മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ്. ലോനപ്പന്റെ മാമോദീസ, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി നിയോ ഫിലം സ്‌കൂളില്‍ നിന്നും സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ സൂരജ് 2016 മുതല്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.