ഓണപ്പാട്ടും, കൈകൊട്ടിക്കളിയും, ഗാനമേളയും, ഓണസദ്യയുമായി ആഘോഷത്തിമിർപ്പിൽ നാട്; സ്വരജതി പാലയാടിൻ്റെ ‘ഒന്നിച്ചോണം’ നാടിൻ്റെ ഉത്സവമായി


മണിയൂർ: ഒരുമയുടെയും അതിജീവനത്തിന്റെയും സന്ദേശമുയർത്തി
സ്വരജതി പാലയാട് മൂസിക്കൽ അക്കാദമി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി “ഒന്നിച്ചോണം” നാടിന്റെ ഉത്സവമായി മാറി. പഞ്ചായത്ത് തല ചിത്രരചനാ മത്സരവും, കൈകൊട്ടിക്കളിയും, ഓണപ്പാട്ടുകളും, ജനകീയ ഗാനമേളയും ഉൾപ്പെടെയുള്ള കലാപരിപാടികൾ ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ട് വയറും മനസ്സും നിറഞ്ഞാണ് പങ്കെടുത്തവർ മടങ്ങിയത്.

കലാരംഗത്ത് പതിറ്റാണ്ടുകളുടെ സംഭാവനകൾ നൽകിയ ജനകീയ കലാകാരനും റിട്ടയേഡ് മണിയൂർ ഹൈസകൂൾ അദ്ധ്യാപകനായ കൃഷ്ണൻ മാസ്റ്ററെ (ബ്രോസ് പതിയാരക്കര) പരിപാടിയിൽ ആദരിച്ചു. അക്കാദമി സെക്രട്ടറി സുനിൽ മുതുവന മൊമെന്റോ കൈമാറി. അജ്മൽ.പി.പി അധ്യക്ഷത വഹിച്ചു. ആരിഫ്.എം.പി, സ്വരജതി ചിത്രകലാധ്യാപകൻ രവീന്ദ്രനാഥൻ.പി.ടി, രാജേന്ദ്രൻ.കെ.പി എന്നിവർ സംസാരിച്ചു.

സ്വരജതി അക്കാദമിയും ഒ.എൻ.വി വായനശാലയും ചേർന്ന് അവതരിപ്പിച്ച ജനകീയ ഗാനമേളയിൽ ഇരുപതോളം ഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു. പാടിപ്പതിഞ്ഞ മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ജനകീയ ഗാനമേള ഒരു വേറിട്ട അനുഭവമായി. അനീഷ് കെ.പി, അനിൽ.എം.സി, അനൂപ്.വി.പി, നിതിൻ.പി.എം, സുമേഷ്.കെ.പി, ഇല്യാസ്.ടി, രമ്യ അനിൽ, വിജിന രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Summary: Onam songs, kaikottikkali, Ghanamela and Onam feast; ‘Onnichonam’ of Swarajati Palayad became the festival of the village